കൊച്ചി : ‘100 ഗീതകങ്ങള്‍ എഴുതി ഒരു പുസ്തകമാക്കണമെന്നായിരുന്നു ഉദ്ദേശം. 22 പദ്യങ്ങളെ എഴുതിയുള്ളൂ. ഗീതാഗോവിന്ദ പരിഭാഷയ്ക്ക് ഒരുമ്പെട്ടതിനാല്‍ ഈ കൃതി തരാന്‍ സാധിച്ചില്ല'. 1931 മേയ് എട്ടിന് ചങ്ങമ്പുഴ ഒരു പ്രസാദകന് എഴുതിയ കത്താണ് ഇത്.
കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ തമ്മനം നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടേത് അടക്കം തെരഞ്ഞെടുക്കപ്പെട്ട 75 പ്രശസ്ത വ്യക്തികളുടെ കത്തുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
ശ്രീനാരായണ ഗുരു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി നിരവധി വ്യക്തികളുടെ കത്തുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎല്‍എ നിര്‍വഹിച്ചു. വിചാര്‍വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി ശിവരാമന്, കെ. ജി. ബാലന്, എസ്. വീണദേവി, ജോണ്സണ് ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ കെഎസ്ഇബി ജീവനക്കാരന് വി.ഡി. ഷജില്‍ ശേഖരിച്ച കത്തുകളായിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.